ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ദ്ധന് കൈമാറിയ സ്വര്‍ണം കണ്ടെത്തി

Jaihind News Bureau
Saturday, October 25, 2025

ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണ്ണം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തി. പോറ്റി സ്വര്‍ണ്ണം കൈമാറിയതായി മൊഴി നല്‍കിയ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്റെ കയ്യില്‍ നിന്നാണ് തൊണ്ടിമുതല്‍ പിടിച്ചെടുത്തത്. കര്‍ണാടകയിലെ ബെല്ലാരിയിലുള്ള ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്.

കണ്ടെത്തിയ സ്വര്‍ണ്ണത്തിന് 400 ഗ്രാമിന് മുകളില്‍ തൂക്കമുണ്ട്. പോറ്റി തനിക്ക് 476 ഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതെന്നാണ് ഗോവര്‍ധന്റെ മൊഴി. ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരിയുടെ കൈവശമാണ് സ്വര്‍ണ്ണം എന്ന വിവരത്തെ തുടര്‍ന്ന് എസ്.ഐ.ടി. ബംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സ്വര്‍ണ്ണം വിറ്റെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും അത് വാങ്ങിയെന്ന് ഗോവര്‍ധനും സമ്മതിച്ചതോടെയാണ് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കഴിഞ്ഞത്. തൊണ്ടിമുതല്‍ കണ്ടെത്തിയ സാഹചര്യത്തില്‍, കേസില്‍ ഗോവര്‍ധനെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്

തൊണ്ടിമുതല്‍ കണ്ടെടുത്തതോടെ, ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ നിലവിലെ വകുപ്പുകള്‍ക്ക് പുറമെ പൊതുമുതല്‍ മോഷ്ടിച്ച് വില്‍ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തും. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും, ഇതിന് തീരുമാനമെടുത്തവരുമെല്ലാം കേസില്‍ പ്രതികളാകും. ഇതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. നിലവില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് തുടരും.