ശബരിമല സ്വര്‍ണ്ണക്കൊള്ള: മുരാരി ബാബു അറസ്റ്റില്‍; ഗൂഢാലോചനയിലെ പ്രധാന കണ്ണി

Jaihind News Bureau
Thursday, October 23, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. ശബരിമല ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് മുരാരി ബാബു.

പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നുമാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വ്യാജരേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

2019-ല്‍ മുരാരി ബാബു ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കെയാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയത്. ദ്വാരപാലക ശില്‍പ്പ പാളികളും കട്ടിളയും കടത്തിയ കേസുകളിലും ഇയാള്‍ പ്രതിയാണ്.

2019 മുതല്‍ 2024 വരെയുള്ള സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു എന്ന നിഗമനത്തിലാണ് എസ്.ഐ.ടി. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ മുരാരി ബാബുവാണ്. നിലവില്‍ സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനിലായിരുന്നെങ്കിലും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ഇദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ സ്വര്‍ണ്ണപ്പാളി വിവാദത്തിലെ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്.