ശബരിമല സ്വര്‍ണ്ണക്കൊള്ള കൂടുതല്‍ അറസ്റ്റ് ഉടന്‍; നെഞ്ചിടിപ്പോടെ സിപിഎം

Jaihind News Bureau
Tuesday, December 9, 2025

 

കൊല്ലം : ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെയും എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ആയുധബന്ധവും വിശദമായി അന്വേഷിക്കണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് സ്വര്‍ണപ്പാളി മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഒരുദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. കൊല്ലത്ത് ചോദ്യംചെയ്ത ശേഷം അദ്ദേഹത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്കു മാറ്റി. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ടെന്നും വിധി 12ന് പ്രഖ്യാപിക്കുമെന്നുമാണ് അറിയിപ്പ്.

മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ റിമാന്‍ഡ് കാലാവധി 22 വരെ കോടതി നീട്ടി. അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനാല്‍ ഹര്‍ജി ഹൈക്കോടതി 15ന് പരിഗണിക്കും. ഇതോടൊപ്പം, മറ്റൊരു പ്രതിയായ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജിയും അതേ ദിവസം വിധി പറയുന്നതിനായി മാറ്റിയിട്ടുണ്ട്.