ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായകമായ പല തെളിവുകളും പിടിച്ചെടുത്തു. പുളിമാത്തുള്ള പോറ്റിയുടെ വീട്ടില്‍ എട്ട് മണിക്കൂറിലധികം നീണ്ട റെയ്ഡിലാണ് സുപ്രധാനമായ രേഖകളും ഇലക്ട്രോണിക് തെളിവുകളും കണ്ടെത്തിയത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് രേഖകള്‍, സ്വര്‍ണം, പണം, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് പിടിച്ചെടുത്ത പ്രധാന വസ്തുക്കള്‍. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. ചോദ്യം ചെയ്യലില്‍ പോറ്റിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പോറ്റിയില്‍ നിന്ന് ലഭിച്ച സാമ്പത്തിക രേഖകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്.