Sunny Joseph| ‘ഒച്ചിഴയും പോലെ അന്വേഷണം’: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുന്നുവെന്ന് സണ്ണി ജോസഫ്

Jaihind News Bureau
Thursday, November 6, 2025

 

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഎല്‍എ. അന്വേഷണം ‘ഒച്ചിഴയും പോലെ’ ഇഴയുകയാണെന്നും സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് ചെയ്തവരെ കയ്യാമം വെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ശബരിമല വിഷയത്തെ കോണ്‍ഗ്രസ് വലിയ ഗൗരവത്തിലാണ് കാണുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും, ഈ വിഷയത്തില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. എന്നിരുന്നാലും, ഈ അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലിന് സാധ്യത നല്‍കുന്നുവെന്നും, ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.