ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചു

Jaihind News Bureau
Wednesday, March 4, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ദ്വാരപാലക ശില്പ കേസിലാണ് അദ്ദേഹം സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലും അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

പ്രത്യേക അന്വേഷണ സംഘം സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രധാന കാരണമായത്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചത്. ഈ കേസിലെ മറ്റ് ഏഴ് പ്രതികള്‍ ഇതിനോടകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ഇതില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റ് എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യമാണ് കോടതി നേരത്തെ അനുവദിച്ചത്.