Ramesh Chennithala| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: സ്വര്‍ണക്കൊള്ള മന്ത്രിയുടെയും ദേവസ്വം പ്രസിഡന്റിന്റെയും അറിവോടെ; സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല

Jaihind News Bureau
Friday, October 10, 2025

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവത്തില്‍ വലിയ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും, അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ പ്രതിപക്ഷം പണ്ടേ പറഞ്ഞതാണ്. കോടതിയുടെ അനുമതിയില്ലാതെയാണ് വാതില്‍പ്പടികളും ദ്വാരപാലക ശില്‍പ്പങ്ങളും ഇളക്കിക്കൊണ്ട് പോയത്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയൊരു ക്രമക്കേട് നടക്കില്ല. ഇതിന് പിന്നില്‍ വലിയ സ്രാവുകളുണ്ടെന്നും അവരെ എന്തുകൊണ്ട് പിടിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

സ്വര്‍ണ്ണക്കൊള്ള നടന്നിരിക്കുന്നത് മന്ത്രിയുടെയും ദേവസ്വം പ്രസിഡന്റിന്റെയും അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഈ സര്‍ക്കാര്‍ അവിശ്വാസികളുടെ സര്‍ക്കാരാണ്. കിട്ടിയത് അടിച്ചു മാറ്റുക എന്നതാണ് ഇവരുടെ നയം. ഇത് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സാധാരണ ക്രമക്കേടല്ല, ഇതൊരു കൂട്ടുകച്ചവടമാണ്,’ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശരിയായതും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും, കേസില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണനഷ്ടം സംബന്ധിച്ച് ഹൈക്കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നിലപാട് സ്വാഗതാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.