
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഭക്തജനങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള ഈ സ്വര്‍ണ്ണ കൊള്ളയില്‍ പങ്കുള്ള കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം സര്‍ക്കാരും മുഖ്യമന്ത്രിയും നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം ബുധനാഴ്ച ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള കല്‍ കുരിശ് പൊളിച്ച് നീക്കിയ പൊലീസിന്റെ നടപടിയേയും ചെന്നിത്തല വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള കല്‍ക്കുരിശ് പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് പള്ളി അധികൃതരെ പൊലീസ് അറിയിച്ചിരുന്നില്ലെന്നും, ഈ സംഭവം ഞെട്ടല്‍ ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാതയ്ക്ക് വേണ്ടി കുരിശ് പൊളിച്ചു നീക്കേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ അത് നേരിട്ട് പള്ളി അധികൃതരുമായി സംസാരിക്കേണ്ടതായിരുന്നു എന്നും, അല്ലാതെ രാത്രിയിലെത്തി ആരോടും പറയാതെ കുരിശു പൊളിച്ചു നീക്കിയ നടപടി പൊലീസിന്റെ തോന്നിവാസം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.