
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ (സി.വി.ഒ.) അന്വേഷണം നടത്തണമെന്നും, ഒരു വിരമിച്ച ജില്ലാ ജഡ്ജി ഇതിന്റെ മേല്‍നോട്ടം വഹിക്കണമെന്നുമാണ് കോടതിയുടെ സുപ്രധാന നിര്‍ദ്ദേശം.
വിഷയത്തില്‍ ശബരിമല വിജിലന്‍സ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. സന്നിധാനത്തെ കാര്യങ്ങളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്നും, സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വര്‍ണ്ണപ്പാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്ന കോടതിയുടെ ചോദ്യമാണ് വിശദമായ അന്വേഷണത്തിലേക്ക് വഴിവെച്ചത്.
അന്വേഷണത്തിന് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ല എന്നതടക്കം വിശ്വാസ്യത ഉറപ്പുവരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. കേസ് ഒക്ടോബര്‍ 15 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.