Sabarimala| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ ദുരൂഹതയെന്ന് ദേവസ്വം വിജിലന്‍സ്; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Jaihind News Bureau
Monday, October 6, 2025

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വര്‍ണ്ണപ്പാളിയുടെ തൂക്കക്കുറവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സ്പോണ്‍സര്‍-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍.

വിവാദത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴികളില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. പ്രധാനമായും, സംഭവത്തില്‍ മൊഴികൊടുത്ത ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉരുണ്ടുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണ്ണാഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി പ്രകാരം, 2019-ല്‍ സ്വര്‍ണ്ണപ്പാളിയില്‍ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് ധാരണാപിശകാണ്. കൂടാതെ, സ്വര്‍ണ്ണപ്പാളിയിലുണ്ടായ തൂക്കക്കുറവ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ പാളി തന്നെയാണോ തിരിച്ചെത്തിച്ചത് എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനയും തെളിവുകളും ശേഖരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം ഇന്ന് നിയമസഭയിലും വലിയ ചര്‍ച്ചയാകും. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ വിഷയം സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുള്ള ഈ വിഷയം ശക്തമായി ഉന്നയിച്ച് പ്രതിഷേധിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.