ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കേസെടുത്ത് വിജിലന്‍സ്; എസ് പി മഹേഷ്‌കുമാറിന് അന്വേഷണ ചുമതല

Jaihind News Bureau
Thursday, January 15, 2026

പത്തനംതിട്ട: ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വിറ്റ വകയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. വിജിലന്‍സ് എസ്.പി. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

36 ലക്ഷം രൂപയുടെ ക്രമക്കേട് ബോര്‍ഡിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഈ ഇനത്തില്‍ മാത്രം 13 ലക്ഷത്തോളം രൂപയുടെ നേരിട്ടുള്ള നഷ്ടം ബോര്‍ഡിനുണ്ടായതായാണ് കണക്കാക്കുന്നത്. നെയ്യ് വില്‍പ്പനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ഇക്കാര്യം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പണം അക്കൗണ്ടില്‍ അടയ്ക്കുന്നതില്‍ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ടെമ്പിള്‍ സ്പെഷ്യല്‍ ഓഫീസര്‍ ഏറ്റുവാങ്ങി കൗണ്ടറുകളിലേക്ക് നല്‍കുന്ന പാക്കറ്റുകളുടെ എണ്ണവും വരവു വെച്ച തുകയും തമ്മിലുള്ള വലിയ വൈരുദ്ധ്യമാണ് അഴിമതി പുറത്തുകൊണ്ടുവന്നത്.

നെയ്യഭിഷേകം നടത്താന്‍ കഴിയാത്ത തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന പ്രധാന കൗണ്ടറിലാണ് ഇത്രയും വലിയ ക്രമക്കേട് നടന്നത് എന്നത് ഭക്തര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രത്യേക സംഘം ഉടന്‍ തന്നെ സന്നിധാനത്തെത്തി രേഖകള്‍ പരിശോധിക്കുമെന്നാണ് വിവരം.