ശബരിമല വിശ്വാസ സംരക്ഷണയാത്രയ്ക്ക് കാഞ്ഞങ്ങാട്ട് തുടക്കം; അമ്പലങ്ങള്‍ കൊള്ളയടിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വി ഡി സതീശന്‍

Jaihind News Bureau
Tuesday, October 14, 2025

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ. മുരളീധരന്‍ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് പ്രൗഢോജ്വലമായ തുടക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജാഥ ഉദ്ഘാടനം ചെയ്തു.

അമ്പലങ്ങളെ കൊള്ളയടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ പോരാട്ടമാണ് ഈ വിശ്വാസ സംരക്ഷണ യാത്രയെന്ന് ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ‘അയ്യപ്പന്റെ സ്വര്‍ണം കട്ട കള്ളന്മാരെ പിടികൂടുന്നത് വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും,’ എന്ന് ജാഥാ നായകന്‍ കെ. മുരളീധരനും വ്യക്തമാക്കി.

ജാഥാ നായകന്‍ കെ. മുരളീധരന് പതാക കൈമാറിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജാഥ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. സ്വര്‍ണ്ണത്തട്ടിപ്പില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് സതീശന്‍ ആരോപിച്ചു. ‘പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങും. വ്യാജ സ്വര്‍ണ്ണം ഉണ്ടാക്കി കൊണ്ടുപോകാന്‍ ഭരിക്കുന്നവര്‍ കൂട്ടുനിന്നു. കളവ് നടന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് രണ്ടാമതും സ്വര്‍ണ്ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുക്കാന്‍ പോയത്, പക്ഷേ അതിന് അയ്യപ്പന്‍ സമ്മതിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ സി.പി.എം. യൂണിയനാണ് സ്വര്‍ണ്ണ മോഷണത്തിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു. ഇതേ സംഘമാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും, ഭക്തരാണ് ഇത് തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ലെന്നും സതീശന്‍ ചോദിച്ചു. തനിക്കെതിരെ വന്ന കേസ് നേരിടുമെന്നും അയ്യപ്പന്റെ സ്വര്‍ണ്ണം എവിടെയാണെന്ന് കടകംപള്ളി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘തോല്‍വി ഉറപ്പായപ്പോഴുള്ള വിഭ്രാന്തിയാണ് സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവുകള്‍. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. അമ്പലങ്ങള്‍ കൊള്ളയടിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ക്കെതിരായുള്ള പോരാട്ടമാണ് വിശ്വാസ സംരക്ഷണ യാത്ര.’ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ സി.പി.ഐ. നേതാവ് ബിനോയ് വിശ്വം എന്തുകൊണ്ട് വായ തുറക്കുന്നില്ലെന്നും സതീശന്‍ ചോദിച്ചു.