പമ്പ/പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ്ങ് റൂമുകളിലെ കണക്കെടുപ്പിന്റെ മേല്‍നോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പമ്പയില്‍ എത്തി. ഇന്ന് സന്നിധാനത്തെത്തുന്ന അദ്ദേഹം സ്‌ട്രോങ്ങ് റൂമുകള്‍ തുറന്ന് പരിശോധന നടത്തും.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് സ്വര്‍ണ്ണം പൂശിയതിലെ ക്രമക്കേടും, സ്വര്‍ണ്ണപ്പാളികളുടെ ഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ ചാക്കില്‍ക്കെട്ടി സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നതായി ദേവസ്വം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ്, ശബരിമലയിലെ മുഴുവന്‍ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ കണക്കെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോടതി റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരനെ നിയോഗിക്കുകയായിരുന്നു.
ശനിയാഴ്ച സന്നിധാനത്തെത്തുന്ന ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ദേവസ്വം വിജിലന്‍സിന്റെ സഹായത്തോടെ 18 സ്‌ട്രോങ്ങ് റൂമുകളും തുറന്ന് പരിശോധിക്കും. സ്വര്‍ണ്ണാഭരണ വിദഗ്ദ്ധരുടെ സഹായത്തോടെ വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ മൂല്യം തിട്ടപ്പെടുത്തി ഡിജിറ്റൈസ്ഡ് രേഖ തയ്യാറാക്കാനാണ് നിര്‍ദ്ദേശം. തിരുവാഭരണം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളവ, സ്‌ട്രോങ്ങ് റൂമിലുള്ളവ, സ്വര്‍ണ്ണം പൊതിഞ്ഞ മറ്റ് വസ്തുക്കള്‍ എന്നിവയുടെയെല്ലാം കണക്കെടുപ്പ് നടത്തും. കണക്കെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ശനമായ രഹസ്യസ്വഭാവത്തോടെ ഹൈക്കോടതിക്ക് സമര്‍പ്പിക്കണം.