
ശബരിമലയിലെ അന്നദാനത്തില്‍ ഇനി ഭക്തര്‍ക്ക് കേരള സദ്യ നല്‍കാന്‍ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. നാളെയോ മറ്റന്നാളോ ഇത് നടപ്പിലാക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന പുലാവും സാമ്പാറും ചേര്‍ത്തുള്ള വിചിത്രമായ മെനു ഭക്തര്‍ക്ക് ഹിതകരമായിരുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ ജയകുമാര്‍ പറഞ്ഞു. ‘ദേശീയ ഐക്യത്തിന്റെ പ്രതീകമായാണ് പുലാവും സാമ്പാറും നല്‍കിയിരുന്നത്. എന്നാല്‍, ഭക്തജനങ്ങളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി അത് മാറ്റി കേരള സദ്യ നല്‍കാന്‍ തീരുമാനിച്ചു. സദ്യയോടൊപ്പം പപ്പടവും പായസവും അച്ചാറും ഉറപ്പാക്കും,’ അദ്ദേഹം പറഞ്ഞു.
അന്നദാനത്തിനുള്ള പണം ഭക്തജനങ്ങള്‍ നല്‍കുന്നതിനാല്‍, അതിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് നിലവാരം ഉയര്‍ത്തും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ശബരിമല മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സിരിജഗനുമായി സംസാരിച്ചതായും ജയകുമാര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ സീസണിന് മുന്നോടിയായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെങ്കില്‍ മാസ്റ്റര്‍പ്ലാനിലെ പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കണം. മാസ്റ്റര്‍പ്ലാന്‍ ഒരു വഴിക്കും ദേവസ്വം ബോര്‍ഡ് മറ്റൊരു വഴിക്കും പോയിട്ട് കാര്യമില്ലെന്നും, ഇത് ഒരുമിച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍പ്ലാനിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഡിസംബര്‍ 18-ന് യോഗം ചേരും. അടുത്ത വര്‍ഷത്തെ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങുമെന്നും കെ. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.