ശബരിമല വിമാനത്താവളം: 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി

Jaihind Webdesk
Saturday, December 31, 2022

 

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി ആകെ 2,570 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ ഭൂമിയും സർക്കാർ ഏറ്റെടുക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി വ്യവഹാരങ്ങളിൽ ഇരിക്കുന്ന സർവേ നമ്പറിലെ ഭൂമികളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുതുതായി പുറത്തിറക്കിയ പട്ടികയിലുണ്ട്.

ശബരിമല വിമാനത്താവളം യഥാർത്ഥ്യമാക്കുവാൻ സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറങ്ങിയത്. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പറുകൾ സഹിതമാണ് റവന്യൂ വകുപ്പ് വിശദമായ ഉത്തരവ് പുറത്തിറക്കിയത്. എരുമേലി സൗത്ത് വില്ലേജിലും മണിമലയിലുമായി 2,570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും 1,070 ഹെക്ടർ ഭൂമിയും പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. സർക്കാർ പുറത്തിറക്കിയ പട്ടികയിലെ പല ഭൂമികളും ഉടമസ്ഥാവകാശ തർക്കത്തിൽ കോടതി വ്യവഹാരങ്ങളിൽ ഉള്ളതാണ്. ഈ പ്രശ്നങ്ങൾ റവന്യൂ വകുപ്പ് പരിഹരിക്കുമെന്ന് സൂചിപ്പിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

 

 

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 3,500 മീറ്റര്‍ നീളമുള്ള റൺവേ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചാണ് ഭൂമി ഏറ്റെടുക്കൽ ഉത്തരവിറങ്ങിയത്. എന്നാൽ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്‍റെയും വ്യോമയാന മന്ത്രാലത്തിന്‍റെയും അനുമതി ലഭിക്കേണ്ടതുണ്ട്. അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്‍റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്. ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കൽ നേരത്തെ പലകുറി സംസ്ഥാനത്ത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലായിരുന്നു.