സിപിഎം നേതാവ് എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന; ഡല്‍ഹിയില്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച

Jaihind Webdesk
Wednesday, March 20, 2024

 

ന്യൂഡൽഹി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ ഡൽഹിയിലെ വസതയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകള്‍. നേരത്തെ തന്നെ സിപിഎം വിട്ട് ബിജെപിയിലേക്ക് പോവുകയാണെന്ന വാർത്തകള്‍ സജീവമായിരുന്നെങ്കിലും  ഇക്കാര്യം രാജേന്ദ്രന്‍ തന്നെ നിഷേധിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച്  രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സിപിഎം പ്രാഥമിക അംഗ്വത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഒരു വർഷം പിന്നിട്ടതോടെയാണ് എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന പ്രചാരണം ശക്തമായത്. ദേവികുളം എംഎൽഎ എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എസ്. രാജേന്ദ്രനെതിരെ പാർട്ടി നടപടിയെടുത്തത്. നേരത്തെ രാജേന്ദ്രന്‍റെ വീട്ടില്‍ ബിജെപി നേതാക്കളെത്തി ചർച്ച നടത്തിയിരുന്നു. പി.കെ. കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കള്‍ സംസാരിച്ചിരുന്നു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. സസ്പെൻഷൻ പിൻവലിച്ചാൽ സിപിഎമ്മിൽ തന്നെ തുടരാമെന്നായിരുന്നു രാജേന്ദ്രന്‍റെ ചിന്ത. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരില്‍ കണ്ടെങ്കിലും സസ്പെൻഷൻ പിൻവലിക്കുന്നതിൽ കാര്യമായ ഉറപ്പൊന്നും ലഭിച്ചില്ല.

ഇതിനു പിന്നാലെ സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്നും ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാന്‍ കഴിയില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. സിപിഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ആഗ്രഹിക്കുന്നുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രനുമായുള്ള ചർച്ചകൾക്കു കേരളത്തിൽ നിന്നു നേതൃത്വം നൽകിയത് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ആയിരുന്നു. കഴിഞ്ഞ ഒരു മാസമായി രാജേന്ദ്രനുമായി ബിജെപി നേതാക്കൾ ആശയവിനിമയം നടത്തുന്നതായാണ് വിവരം. ഫോൺ വഴി തുടങ്ങിയ ചർച്ച പിന്നീട് വീട്ടിലേക്കെത്തി. ബിജെപിയുടെ തമിഴ്നാട്ടിലെ നേതാക്കളടക്കം ഒന്നിലേറെ തവണ വീട്ടിലെത്തി രാജേന്ദ്രനുമായി രഹസ്യമായി ചർച്ച നടത്തി.