മൂന്നാർ സഹകരണബാങ്കിലെ അഴിമതി ആരോപണം ശരിവെച്ച് എസ്. രാജേന്ദ്രന്‍; നേതൃത്വത്തെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു; സിപിഎമ്മിനെ വെട്ടിലാക്കി വെളിപ്പെടുത്തല്‍

Jaihind Webdesk
Saturday, July 13, 2024

 

ഇടുക്കി: മൂന്നാർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയില്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എംഎല്‍എ  എസ്. രാജേന്ദ്രന്‍. ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് 2020-ല്‍ തന്നെ പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നും രാജേന്ദ്രന്‍ വെളിപ്പെടുത്തി. അഴിമതി വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന ബാങ്ക് അധികൃതരുടെ വാദം പൊളിക്കുന്നതാണ് രാജേന്ദ്രന്‍റെ വെളിപ്പെടുത്തല്‍. അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായിരിക്കെ രാജേന്ദ്രൻ കൂടി രംഗത്തെത്തുന്നത് സിപിഎമ്മിനും തിരിച്ചടിയാണ്.

സിപിഎം നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. പ്രസിഡന്‍റ് കെ.വി. ശശിക്കും സിപിഎമ്മിനുമെതിരെ എസ്. രാജേന്ദ്രൻ ആരോപണം ഉന്നയിച്ചു. നേതാക്കന്മാരുടെ ഇപ്പോഴത്തെ ന്യായീകരണം മുൻകൂർ ജാമ്യമെടുക്കലാണെന്നും രാജേന്ദ്രൻ പറഞ്ഞു. ഹൈഡൽ ടൂറിസത്തിനായി ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് നിയമപരമായി രേഖകളില്ലാതെയാണെന്നും പാർട്ടിക്കുവേണ്ടി മൂളുന്നവർ മാത്രമാണ് ബോർഡംഗങ്ങൾ എന്നും രാജേന്ദ്രൻ ആരോപിച്ചു. ബാങ്കിന്‍റെ പണമുയോഗിച്ച് ഹോട്ടൽ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ട്. ഇതിന്‍റെ രേഖകൾ നിയമപരമല്ല എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥന്മാർ ഭരണ സ്വാധീനത്തിൽ കീഴ്‌പ്പെടുകയാണെന്നും രാജേന്ദ്രൻ കുറ്റപ്പെടുത്തി.

മൂന്നാറിൽ സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. മൂന്നാർ സർവീസ് സഹകരണബാങ്കിന്‍റെ 97 ശതമാനം ഓഹരികളുള്ള മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും മതിയായ ഈടില്ലാതെ ബാങ്ക് കമ്പനിക്ക് 12 കോടി 25 ലക്ഷം രൂപ ഓവർഡ്രാഫ്റ്റായി അനുവദിച്ചെന്നുമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. ബാങ്കിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ റിസോർട്ട് ക്രമവിരുദ്ധമായി കമ്പനിക്ക് കൈമാറിയെന്നും ഇതിന് രജിസ്ട്രാറുടെ അനുമതി ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ലാഭം നല്‍കണമെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താത്തതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം റിസോർട്ട് വാങ്ങിയതിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിലും വ്യാപക അഴിമതി നടന്നെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.