ദുബായ് : യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ കലാ-സാംസ്‌കാരിക സംഘടനയായ ‘ഇന്‍കാസിന്‍റെ’ പുതിയ ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ സ്വദേശി എസ് മുഹമ്മദ് ജാബിറിനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി നിയമിച്ചു. നേരത്തെ യുഎഇ ജനറല്‍ സെക്രട്ടറിയായിരുന്ന പുന്നക്കന്‍ മുഹമ്മദലിയെ നവംബര്‍ പത്തിന് ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി ഇന്‍കാസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പദവികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ജാബിറെ നിയമിച്ചത്.
ജാബിര്‍ 1988 ല്‍ കെഎസ്‌യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു. അക്കാലത്ത് ഇപ്പോഴത്തെ കണ്ണൂര്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍ കെഎസ്‌യു ജില്ലാ പ്രസിഡന്‍റും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ജാബിര്‍ യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയില്‍ 22 വര്‍ഷം പ്രവര്‍ത്തിച്ചു. ബാങ്ക് ഓപ്പറേഷന്‍ മാനേജരായിട്ടാണ് സേവനം അവസാനിപ്പിച്ചത്.
നിലവില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള അല്‍ വഫ ചില്‍ഡ്രന്‍സ് സ്‌കില്‍ ഡെവലപ്‌മെന്‍റ് സെന്‍ററിന്റെ മാനേജിംഗ് ഡയറക്ടറാണ്. ജുബിയാണ് ഭാര്യ. എംബിഎ പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ജിജില്‍ ഏക മകനാണ്. പ്രവാസ ജീവിതത്തിന്‍റെ ഇരുപത്തിയാറാം വര്‍ഷത്തിലാണ് ഈ അമ്പത്തിമൂന്നുകാരനെ പുതിയ ഉത്തരവാദിത്വം തേടിയെത്തിയത്.