അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി: താലിബാന്‍ ഭരണകൂടവുമായുള്ള ആദ്യ രാഷ്ട്രീയതല സംഭാഷണം

Jaihind News Bureau
Friday, May 16, 2025

അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഫോണില്‍ ചര്‍ച്ച നടത്തി. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദത്തെ ഓര്‍മ്മിപ്പിച്ച അദ്ദേഹം അവരുടെ വികസന ആവശ്യങ്ങള്‍ക്ക് ഇന്ത്യുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി.

2021 ഓഗസ്റ്റില്‍ കാബൂളില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ രാഷ്ട്രീയതല സംഭാഷണമാണിത്. ഈ വര്‍ഷം ജനുവരിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദുബായില്‍ മുതാഖിയെ കണ്ടിരുന്നു.

സൈനിക ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ താലിബാന്‍ അപലപിച്ചിരുന്നു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ ഭിന്നിപ്പ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടന്നിരിക്കുന്നതെന്നും ശ്രദ്ദേയമാണ്.

1999 ഡിസംബറില്‍ കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് താലിബാന്‍ വിദേശകാര്യ മന്ത്രി വക്കില്‍ അഹമ്മദ് മുത്തവക്കിലുമായി ബന്ധപ്പെട്ടിരുന്നു. 1999-2000 കാലഘട്ടത്തിലാണ് അവസാന രാഷ്ട്രീയതല ബന്ധം നടന്നത്.