ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്താമെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്റാം രമേശ് രംഗത്തെത്തി. ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ മോദി മറച്ചുവെക്കുകയാണെന്ന് ജയ്റാം രമേശ് ആരോപിച്ചു.
സംഭാഷണം പരസ്യമായി അംഗീകരിച്ചെങ്കിലും, ദീപാവലി ആശംസകള്‍ കൈമാറാന്‍ മാത്രമാണ് ട്രംപ് വിളിച്ചതെന്നാണ് മോദി വ്യക്തമാക്കിയത്. അതേസമയം മോദിയുമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചും സംസാരിച്ചെന്നും, ഇത് നിര്‍ത്താമെന്ന് മോദി ഉറപ്പ് നല്‍കിയെന്നും ട്രംപ് ആവര്‍ത്തിച്ച് വെളിപ്പെടുത്തി.
‘പ്രധാനമന്ത്രി ഒടുവില്‍ പ്രസിഡന്റ് ട്രംപ് വിളിച്ചെന്നും ഇരുവരും സംസാരിച്ചെന്നും പരസ്യമായി അംഗീകരിച്ചു. എന്നാല്‍ യുഎസ് പ്രസിഡന്റ് ദീപാവലി ആശംസകള്‍ കൈമാറി എന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. മോദി മറച്ചുവെക്കുമ്പോള്‍ ട്രംപ് വെളിപ്പെടുത്തുന്നു,’ ജയറാം രമേശ് എക്സില്‍ കുറിച്ചു.
ഇന്ത്യയുടെ നയം അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ആറ് ദിവസത്തിനിടെ ഇത് നാലാം തവണയാണെന്നും ജയ്റാം രമേശ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത് മോദിക്ക് മുമ്പേ ട്രംപ് പ്രഖ്യാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ദീപാവലി ആശംസകള്‍ക്ക് പ്രധാനമന്ത്രി മോദി എക്സിലൂടെ നന്ദി അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും ആഗോള ഉത്തരവാദിത്തങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ‘പ്രസിഡന്റ് ട്രംപിന്റെ ഫോണ്‍ കോളിനും ഊഷ്മളമായ ദീപാവലി ആശംസകള്‍ക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തില്‍, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളും ലോകത്തിന് പ്രത്യാശ നല്‍കുകയും ഭീകരതയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരെ ഒന്നിച്ചുനില്‍ക്കുകയും ചെയ്യട്ടെ,’ മോദി കുറിച്ചു.
അതേസമയം, വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത ട്രംപ്, പ്രധാനമന്ത്രി മോദിയെ ‘ഒരു മഹാനായ വ്യക്തിയും’ ‘ഒരു ഉറ്റ സുഹൃത്തും’ എന്നാണ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക സമാധാനത്തെക്കുറിച്ചും സംസാരിച്ചതായി ട്രംപ് പറഞ്ഞു. ‘ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയുമായി ഇന്ന് സംസാരിച്ചു. മികച്ച സംഭാഷണമായിരുന്നു. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് അതില്‍ വലിയ താല്‍പ്പര്യമുണ്ട്. പാകിസ്ഥാനുമായി യുദ്ധങ്ങളൊന്നും വേണ്ട എന്നതിനെക്കുറിച്ചും ഞങ്ങള്‍ അല്‍പ്പം മുമ്പ് സംസാരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനുമായി നമുക്ക് യുദ്ധമില്ല. അത് വളരെ നല്ല കാര്യമാണ്,’ ട്രംപ് കുറിച്ചു.
എന്നാല്‍, ട്രംപ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.