റഷ്യന്‍ സൈനിക നടപടി; ഖാർകിവില്‍ ഇന്ത്യന്‍ വിദ്യാർത്ഥി കൊല്ലപ്പെട്ടു

Jaihind Webdesk
Tuesday, March 1, 2022

 

കീവ്: യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയില്‍ ഇന്ത്യന്‍ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീനാണ് ഖാർകിവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കർണാടകയിലെ ഹാവേരി ജില്ലയിലെ ചലാഗെരി സ്വദേശിയാണ് കൊല്ലപ്പെട്ട നവീൻ.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നത് സംബന്ധിച്ച വിശദീകരണം ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ ഖാര്‍കിവില്‍ ആൾക്കൂട്ടത്തിൽ ഭക്ഷണത്തിനായി നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി ട്വീറ്റ് ചെയ്തു. മന്ത്രാലയം വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.