ഉക്രൈയ്‌നുമായി ചര്‍ച്ചയ്ക്കു തയ്യാറെന്നു റഷ്യ: സൗദി നയതന്ത്രം വിജയത്തിലേയ്ക്ക്

Jaihind News Bureau
Tuesday, February 18, 2025

ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ വ്ളാഡിമിര്‍ പുടിന്‍ .ഉക്രെയ്നിലെ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയില്‍ നിന്നുള്ള ഉന്നത നയതന്ത്രജ്ഞരും യുഎസും സൗദി അറേബ്യയില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പുടിന്റെ ഈ നിലപാട്.

റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയില്‍ യോഗം ചേര്‍ന്ന് ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധികളാണ് റിയാദിലെ ദിരിയ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയത്. യുഎസിനെ പിന്തിരിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു നിര്‍ണായക ചുവടുവെപ്പാണ് ഈ കൂടിക്കാഴ്ചയെന്നു വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥരാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഉക്രൈനെ പങ്കെടുപ്പിക്കാത്ത ചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്നാണ് സെലന്‍സ്‌ക്കിയുടെ നിലപാട്.

‘ആവശ്യമെങ്കില്‍ സെലന്‍സ്‌കിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെലന്‍സ്‌കിയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടുമെന്ന യാഥാര്‍ത്ഥ്യം പരിഗണിച്ച് കരാറുകളുടെ നിയമപരമായ അടിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും യുകെയുടെയും അടിയന്തര യോഗം ചേരും. വാഷിംഗ്ടണുമായുള്ള സഹകരണത്തെ തികച്ചും സാധാരണ നടപടി എന്നാണ് സൗദി വിശേഷിപ്പിച്ചത്.