രോഗശാന്തി നൽകുന്ന യേശുരൂപത്തിൽ ട്രംപ്; സ്വയം ‘യേശുവായി’ പ്രഖ്യാപിച്ച് ട്രംപിന്റെ വിചിത്രമായ എഐ ചിത്രം

Jaihind News Bureau
Monday, April 13, 2026

ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള തർക്കം മുറുകുന്നതിനിടയിൽ, സ്വയം ഒരു രക്ഷകനായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലാണ്’ യേശുക്രിസ്തുവിനോട് സാമ്യമുള്ള രൂപത്തിൽ രോഗശാന്തി നൽകുന്ന വിചിത്രമായ ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ സൈനികർ, വിമാനങ്ങൾ, നഴ്സുമാർ, ഒരു രോഗി എന്നിവരെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ചിത്രം ട്രംപിന്റെ അനുയായികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വെടിനിർത്തൽ ചർച്ചകൾ നടക്കുന്ന നിർണ്ണായക ദിവസം തന്നെ മാർപ്പാപ്പ ഇത്തരമൊരു പ്രസ്താവന നടത്തിയത് ഇറാന് അനുകൂലമാണെന്നാണ് ട്രംപിന്റെ വാദം. വിദേശനയങ്ങളിൽ മാർപ്പാപ്പ പരാജയമാണെന്ന് നേരത്തെ ആരോപിച്ച ട്രംപ്, ഈ ചിത്രത്തിലൂടെ താനാണ് യഥാർത്ഥ രക്ഷകൻ എന്ന സൂചനയാണ് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മാർപ്പാപ്പയുടെ സമാധാന ആഹ്വാനം അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ട്രംപ് ആവർത്തിക്കുന്നു. ഇതിനു പിന്നാലെ പുറത്തുവന്ന എഐ ചിത്രം വിശ്വാസികളെയും രാഷ്ട്രീയ എതിരാളികളെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. മതപരമായ ബിംബങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ട്രംപ് ഉപയോഗിക്കുന്നു എന്ന വിമർശനം ഇതിനോടകം തന്നെ ശക്തമായിക്കഴിഞ്ഞു.