‘പ്രതിപക്ഷ ശബ്ദത്തെ ഭയക്കുന്ന ഭരണാധികാരികള്‍ ഡല്‍ഹിയിലായാലും തിരുവനന്തപുരത്തായാലും ജനാധിപത്യത്തിന് അപമാനം’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, January 24, 2023

 

ന്യൂഡല്‍ഹി: പ്രതിപക്ഷ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭരണാധികാരികള്‍ ജനാധിപത്യത്തിന് അപമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍പ്പക്ഷികളാണ്. ഭയമാണ് ഇരുവരെയും നയിക്കുന്നതെന്നും വിയോജിപ്പുകളില്‍ പരിഭ്രാന്തരായി അടിച്ചമർത്താനാണ് ഉദ്ദേശമെങ്കില്‍ കൂടുതല്‍ കരുത്തോടെ പ്രതിഷേധങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രതിപക്ഷ ശബ്ദങ്ങളെ ഭയക്കുന്ന, വിയോജിപ്പുകളിൽ പരിഭ്രാന്തരാകുന്ന, അവയെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണാധികാരികൾ ഡൽഹിയായാലും തിരുവനന്തപുരത്തായാലും ജനാധിപത്യത്തിന് അലങ്കാരമല്ല, അപമാനവും വെല്ലുവിളിയുമാണ്.

ഡൽഹിയിലെ ഏകാധിപതിയുടെ ചെയ്തികൾ അടിമുടി ജനാധിപത്യവിരുദ്ധമാകുന്നത് നേരിൽക്കണ്ടനുഭവിച്ചിട്ടുണ്ട്. പാർലമെന്‍റിൽ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുമ്പോൾ ജനങ്ങളിൽ നിന്ന് ആ ശബ്ദത്തെ മറച്ചുപിടിക്കാനായി ലോക്സഭാ, രാജ്യസഭാ ടി.വികളുടെ സംപ്രേഷണം വരെ നിർത്തിവെച്ച അൽപ്പത്തരം ഇന്ത്യ കണ്ടതാണ്. ഏറ്റവുമൊടുവിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും തങ്ങൾക്കിഷ്ടമില്ലാത്തത് പറഞ്ഞ ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യുന്ന ഫാസിസ്റ്റിനെ വരെക്കണ്ടു.

ഒരേ തൂവൽപക്ഷിയായി തിരുവനന്തപുരത്തിരുന്ന് ജനാധിപത്യത്തെ തച്ചുതകർക്കുന്ന ഏകാധിപത്യ ഭരണകൂടവും ഇക്കാലത്തെ കാഴ്ചയാണ്. ജനാധിപത്യരീതിയിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ മുന്നിൽ നിന്ന് നയിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള തീരുമാനം, നയപരമായി ഇരു ഭരണാധികാരികളിലെയും സാമ്യത തുറന്നുകാണിക്കുന്നു.

ഭയമാണ് ഇരുവരെയും നയിക്കുന്നത്. വിയോജിപ്പുകളെയും പ്രതിപക്ഷസ്വരത്തെയും തുടർന്നും ഇങ്ങനെ തന്നെ അടിച്ചമർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കൂടുതൽ കരുത്തോടെ വിയോജിപ്പുകളും പ്രതിഷേധങ്ങളും നേരിടേണ്ടിവരും എന്ന മുന്നറിയിപ്പ് മാത്രമാണ് നൽകാനുള്ളത്. പോലീസിനെയോ അധികാരത്തെയോ കാണിച്ച് ഭയപ്പെടുത്തിയാൽ അണയുന്നതല്ല ഈ രാജ്യത്തെ പ്രതിപക്ഷ ശബ്ദങ്ങളൊന്നും.