കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ വേണ്ട ; പിറവത്തിന് പിന്നാലെ റാന്നിയിലും കേരള കോണ്‍ഗ്രസില്‍ കലാപം

Jaihind News Bureau
Saturday, March 13, 2021

പത്തനംതിട്ട : പിറവത്തിന് പിന്നാലെ റാന്നിയിലും സ്ഥാനാർത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ കലാപം.  പ്രമോദ് നാരായണൻ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്ന് കേരള കോൺഗ്രസിലെ ഒരു വിഭാഗം. വെണ്ണിക്കുളത്ത് നടന്ന കേരള കോൺഗ്രസ് യോഗത്തിൽ നിന്ന് പ്രവർത്തകർ ഇറങ്ങിപ്പോയി.

കോട്ടാങ്ങൽ എഴുമറ്റൂർ അയിരൂർ കൊറ്റനാട് പഞ്ചായത്തിലെ പ്രവർത്തകരാണ് യോഗം ചേർന്നത്.  യോഗസ്ഥലത്ത് ബഹളമായതോടെ യോഗം നിർത്തിവെച്ചു. ഇതോടെ റാന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടതുപക്ഷം ആശങ്കയിലാണ്. വെള്ളിയാഴ്ച തടിയൂരില്‍ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് നേതൃത്വത്തിന് കത്ത് നല്‍കി. പ്രമോദ്‌നാരായണന് പകരം മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കണം. പ്രമോദ് നാരായണ്‍ മത്സരിച്ചാല്‍ റാന്നിയില്‍ എല്‍ഡിഎഫ് നാലാം സ്ഥാനത്ത് പോകുമെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. ഇടതുമുന്നണിയുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ അത്‌ ഇടയാക്കുമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ചുരുങ്ങിയ കാലത്തിനുള്ളില്‍ പല പാര്‍ട്ടികളില്‍ പലവട്ടം അംഗത്വമെടുക്കുകയും അവിടെ നിന്ന് പുറത്തുപോകുകയും ചെയ്ത പാരമ്പര്യമുള്ളയാളാണ് പ്രമോദെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇയാള്‍ നാളെ പാർട്ടിയിലുണ്ടാകുമോയെന്നതിന് എന്താണ് ഉറപ്പെന്നും ഇവർ ചോദിക്കുന്നു. മണ്ഡലത്തില്‍ ആരെയും പരിചയമില്ലാത്ത ആള്‍ സ്ഥാനാര്‍ഥിയായി രംഗത്തുവന്നാല്‍ പൊതുജനം അംഗീകരിക്കില്ലെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.