ഗാന്ധിയെ കൊന്നത് ആർഎസ്എസ്; യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്‍റിന് ആർഎസ്എസിന്‍റെ വക്കീൽ നോട്ടീസ്

Jaihind Webdesk
Monday, March 11, 2024

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ഹാരിസ് മൂതൂറിന് ആർഎസ്എസിന്‍റെ വക്കീല്‍ നോട്ടീസ്. ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആർ എസ് എസ് എന്ന സത്യം വിളിച്ചുപറഞ്ഞതിനാണ് സംഘപരിവാർ ഭയപ്പെടുത്താൻ നോക്കുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു കോടി രൂപയും പബ്ലിക്ക് മാപ്പുമാണ് വക്കീൽ നോട്ടീസിന്‍റെ ഉള്ളടക്കമെന്നും ജയിലിൽ കിടന്ന് മരിക്കേണ്ടിവന്നാലും മാപ്പ് പറയാൻ തയ്യാറല്ല എന്നും അദ്ദേഹം കുറിച്ചു.

ജനുവരി 30 ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയെ കൊന്നത് ആർ എസ് എസ് എന്ന ശീർഷകത്തിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചതാണ് ആർഎസ്എസിന്‍റെ ഈ വക്കീല്‍ നോട്ടീസ്. സവർക്കരുടെ അരുമ ശിഷ്യനായ നാഥൂറാം വിനായക് ഗോഡ്സേ ഗാന്ധിയെ കൊന്നു എന്ന് പറയാൻ ഒരു സംഘപരിവാറുകാരന്‍റെയും സർട്ടിഫിക്കറ്റ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്‍റെ കൊടിപിടിക്കുന്ന എനിക്കാവിശ്യമില്ലെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ആർഎസ്എസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.