
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ലിസ്റ്റില്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് ബി.ജെ.പി. നേതൃത്വം ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഈ കുറിപ്പില്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരെയാണ് ആനന്ദ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാത്തതിന് പിന്നില്‍ ബി.ജെ.പി. നേതാക്കളാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
കൂടാതെ, ബി.ജെ.പി., ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും കുറിപ്പില്‍ ആനന്ദ് ആരോപിക്കുന്നുണ്ട്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയയുമായി ബന്ധമുള്ള വ്യക്തിയെയാണെന്നും അദ്ദേഹം പറയുന്നു. ഈ സംഭവം പ്രാദേശിക രാഷ്ട്രീയത്തില്‍ വലിയ വിവാദമായിരിക്കുകയാണ്.
എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ആ ശരീരം കാണാന്‍ പോലും അനുവദിക്കരുത്. ഒരു ആര്‍എസ്എസുകാരനായി ജീവിച്ചുവെന്നതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും അദ്ദേഹം വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. മരണത്തിനു തൊട്ടുമുമ്പ് വരെയും ആര്‍എസ്എസുകാരനായിരുന്നു. എന്നെ മരണത്തിലേക്ക് തള്ളിവിട്ടതും അത് തന്നെയാണ്. മണ്ണ് മാഫിയപോലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ബലമുണ്ടാവാനാണ് തന്നെ ഒഴിവാക്കിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്തായാലും, അധികാരമോഹത്തിന്റെ വെറും എടുത്തുചാട്ടമായിരുന്നു ആനന്ദ് നടത്തിയത് എന്ന് ബിജെപി ന്യായീകരിച്ചാലും സന്ദേശത്തില്‍ ചൂണ്ടികാട്ടുന്ന വിവിധ ആരോപണങ്ങളില്‍ നേതൃത്വം മറുപടി പറഞ്ഞേ തീരൂ.