‘രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും കൂടുന്നു’; മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ച് ആർഎസ്എസ് നേതാവ്

Jaihind Webdesk
Tuesday, October 4, 2022

 

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും അസമത്വവും രൂക്ഷമാകുന്നുവെന്ന വിമർശനവുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പ്രതിക്കൂട്ടില്‍ നിർത്തുന്ന വിഷയങ്ങളിലെ ആർഎസ്എസ് നേതാവിന്‍റെ പരാമർശം മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

രാജ്യത്ത് ഭീകരരൂപം പൂണ്ട ദാരിദ്ര്യത്തിനൊപ്പം തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും വർധിക്കുന്നുവെന്നായിരുന്നു  ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പരാമർശം. സ്വദേശി ജാഗരൺ മഞ്ചിന്‍റെ ഒരു വെബിനാറിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും അവകാശവാദങ്ങള്‍ തള്ളി ദത്താത്രേയയുടെ വിമർശനം.

“ദാരിദ്ര്യമെന്ന പിശാച് ജനങ്ങളെ തുറിച്ചുനോക്കുകയാണ്. 20 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. സാമ്പത്തിക നയങ്ങളാണ് ഇതിനു കാരണം. പ്രതിദിനം 375 രൂപ വരുമാനം പോലുമില്ലാത്തവർ 23 കോടിയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 4 കോടിയോളം തൊഴിലില്ലാത്തവരുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗത്തിന് ശുദ്ധജലവും പോഷകാഹാരവുമില്ല” – ദത്താത്രേയ പറഞ്ഞു.

ഇന്ത്യ ലോകത്തിലെ വലിയ 6 സമ്പദ് വ്യവസ്ഥകളിലൊന്നാണെന്നാണ് പറയുന്നതെങ്കിലും അതിന്‍റെ എന്തെങ്കിലും ഗുണം സാധാരണക്കാര്‍ക്കുണ്ടോ എന്ന് ദത്താത്രേയ ചോദിച്ചു. 20 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയിലെ ഒരു ശതമാനം വിഭാഗത്തിനാണെന്നും ഗ്രാമങ്ങളിലും വികസനമുണ്ടാകണമെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം നാഗ്പൂരിലെ ഒരു വേദിയിൽ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും രാജ്യത്തെ ദാരിദ്ര്യം ചൂണ്ടിക്കാട്ടിയിരുന്നു.

മോദി സര്‍ക്കാരിനെതിരെ രാജ്യത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാജ്യത്ത് അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ പദയാത്രയില്‍ മോദി സര്‍ക്കാരിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ ശരിയാണെന്ന ആർഎസ്എസ് നേതാവിന്‍റെ തുറന്നുപറച്ചില്‍ മോദി സർക്കാരിന്‍റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതിനൊപ്പം കൂടുതല്‍ പ്രതിരോധത്തിലുമാക്കുന്നതാണ്.