കോവൂർ പടിക്ക് പുറത്തു തന്നെ; മന്ത്രിസഭാ പുനഃസംഘടനയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി ആർഎസ്പി ലെനിനിസ്റ്റ്

Jaihind Webdesk
Sunday, June 23, 2024

 

തിരുവനന്തപുരം: ഇടതുമുന്നണിയിൽ പ്രവേശനം നൽകാത്തതിലും കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മന്ത്രിസഭാ പുനഃസംഘടനയിൽ പരിഗണിക്കാത്തതിലും പ്രതിഷേധവുമായി ആർഎസ്പി ലെനിനിസ്റ്റ്. ഏറെക്കാലമായി മന്ത്രിസ്ഥാനവും മുന്നണി പ്രവേശനവും ആവശ്യപ്പെട്ട് ഏക എംഎൽഎയുള്ള ആർഎസ്പി ലെനിനിസ്റ്റ് ഇടതുമുന്നണിയുടെ പടിവാതില്‍ക്കൽ നിൽക്കുകയാണ്. ആർഎസ്പി ഇടതുമുന്നണിയിൽ നിന്നും യുഡിഎഫിലെത്തിയപ്പോൾ കോവൂർ കുഞ്ഞുമോന്‍റെ നേതൃത്വത്തിൽ ഒരു ചെറു വിഭാഗം ഇടതുമുന്നണിക്കൊപ്പം ചേരുകയായിരുന്നു. കോവൂർ കുഞ്ഞുമോൻ എംഎൽഎയായെങ്കിലും
ഇടതുമുന്നണിയിൽ ഇനിയും ഇവർക്ക് മതിയായ യാതൊരു പ്രാതിനിധ്യവും നൽകിയിട്ടില്ല. മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിന് കത്ത് നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും ബന്ധപ്പെട്ടിരുന്നു. തുടർച്ചയായി തഴപ്പെട്ടതോടെ സർക്കാരിനെയും മുന്നണിയെയും വിമർശിച്ച് ആർഎസ്പി ലെനിനിസ്റ്റ് നേതാക്കൾ രംഗത്തെത്തി.