കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; മാർഗരേഖ സുപ്രീം കോടതിക്ക് കൈമാറി

Jaihind Webdesk
Wednesday, September 22, 2021

ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരത്തിന് മാർഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍.  കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗരേഖ സുപ്രീം കോടതിക്ക് കൈമാറി. മാർഗരേഖ അനുസരിച്ച് ‘കൊവിഡ് കാരണം’ എന്ന് രേഖപ്പെടുത്തിയ മരണങ്ങള്‍ക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്.  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏർപ്പെട്ട് മരണം സംഭവിച്ചവരുടെ ആശ്രിതരും സഹായത്തിന് അർഹരാണ്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മാർഗരേഖ തയാറാക്കിയത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക വിതരണം ചെയ്യേണ്ടത്.  ഇതിനുള്ള അപേക്ഷ ജില്ലാ ദുരന്ത നിവാരണ ആതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളണമെന്നും മാർഗരേഖ വ്യക്തമാക്കുന്നു.

മരണം കൊവിഡ് കാരണമാണെന്നത് സംബന്ധിച്ച് തർക്കങ്ങളുണ്ടെങ്കില്‍ പരിശോധിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കണമെന്ന് മാർഗരേഖ പറയുന്നു. സമിതിയുടെ കണ്ടെത്തല്‍ പരാതിക്കാരനെ കൃത്യമായി ബോധിപ്പിക്കണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലായിരിക്കും സഹായധനം നിക്ഷേപിക്കുന്നത്.

*Images for representation only