ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം – സി.പി.ഐ തർക്കം തുറന്ന പോരിലേക്ക്. തോട്ടപ്പള്ളി സമരത്തിന് മന്ത്രി പി തിലോത്തമന്റെ പിന്തുണയുണ്ടെന്ന് ആരോപിച്ച് സി.പി.എം എല്‍.ഡി.എഫില്‍ പരാതി നല്കി. സി.പി.ഐ തിരുത്താന്‍ തയാറാകണമെന്നും സി.പി.എം ആവശ്യപ്പെടുന്നു. സി.പി.ഐക്കും തിലോത്തമനുമെതിരായ നീക്കത്തോടെ ഇടതുമുന്നണിക്കുള്ളിലെ സി.പി.എം-സി.പി.ഐ ഭിന്നത പൊട്ടിത്തെറിയുടെ വക്കിലാണ്.
അതേസമയം മന്ത്രി പി തിലോത്തമനെതിരായ സി.പി.എം പ്രസ്താവനക്കെതിരെ സി.പി.ഐ ശക്തമായി രംഗത്തെത്തി. കരിമണല്‍ ഖനനത്തിനെതിരായ ജനവികാരത്തെ വിവാദം ഉയർത്തി തടയാനാണ് തിലോത്തമനെതിരായ ആരോപണത്തിലൂടെ സി.പി.എം ശ്രമിക്കുന്നതെന്ന് ആലപ്പുഴ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു. കരിമണല്‍ ഖനന വിഷയത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്നും ആഞ്ചലോസ് വ്യക്തമാക്കി. കേരളത്തിലെ ഏക എൽ.ഡി.എഫ് പാർലമെന്റംഗം തെരഞ്ഞെടുക്കപ്പെട്ടത് ചേർത്തലയിലെ ഭൂരിപക്ഷം മൂലമാണ്. ഇത് തിലോത്തമന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും ആഞ്ചലോസ് സി.പി.എമ്മിന് മറുപടിയായി പറയുന്നു.
തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണല്‍ ഖനനത്തിനെതിരെ സി.പി.ഐ ജില്ലാ നേതൃത്വം നിലപാട് സ്വീകരിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. കുട്ടനാട്ടിലേയും തീരദേശത്തേയും ജനതയെ സംരക്ഷിക്കാൻ അടിയന്തരമായി ചെയ്യേണ്ടുന്ന നടപടികള്‍ സ്വീകരിക്കാതെ ഖനനവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മന്ത്രി പി തിലോത്തമനും സി.പി.ഐക്കുമെതിരെ സി.പി.എം പരസ്യമായി രംഗത്തെത്തിയതോടെ ആലപ്പുഴയില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.
അതേസമയം തോട്ടപ്പള്ളി പൊഴി മുഖത്ത് കരിമണല്‍ ഖനനവും കടല്‍മണല്‍ ഖനനവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ലീഡിംഗ് ചാനലിന്റെ ആഴം വർധിപ്പിക്കുന്ന പണിയിലേർപ്പെടാതെ നൂറുകണക്കിന് ലോഡ് കരിമണല്‍ പ്രതിദിനം കടത്തിക്കൊണ്ടുപോവുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകണമെങ്കില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കിഴക്ക് വശം 11 കിലോമീറ്റര്‍ നീളത്തില്‍ മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ കിഴക്കന്‍ മണല്‍ നീക്കം ചെയ്യണം. ഇത് സംബന്ധിച്ച ജോലികള്‍ക്ക് ഒച്ചിഴയുന്ന വേഗതയാണ്. ഖനനം മൂലം കടലാക്രമണം രൂക്ഷമായാല്‍ നാഷണല്‍ ഹൈവേയുടേയും, തോട്ടപ്പള്ളി സ്പില്‍വേയുടേയും നിലനില്‍പ്പ് തന്നെ അപകടത്തിലാകും. തോട്ടപ്പള്ളിയിലെ അനധികൃത കരിമണല്‍ ഖനനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.