‘സൂത്രധാരന്മാർ പ്രതിയാകാതെ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രം’ ; കൊടകരയില്‍ പരിഹസിച്ച് റോജി എം. ജോണ്‍

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. പണത്തിന്റെ സ്രോതസും ബിജെപിയുടെ പങ്കും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കുഴല്‍പ്പണക്കേസ് ഒതുക്കിതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് റോജി എം. ജോണ്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സിപിഎം – ബിജെപി ധാരണയുടെ ഭാഗമെന്ന് അദ്ദേഹം ആരോപിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ എല്ലാ ബി.ജെ.പിക്കാരും സാക്ഷികളായി മാറി. ധർമ്മരാജന്റെ രഹസ്യമൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല. ബിജെപിക്ക് സ്വൈരവിഹാരം നടത്താനുള്ള അന്തർധാരയാണോ എന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കേരള പൊലീസിനെയും റോജി പരിഹസിച്ചു. സൂത്രധാരന്മാർ പ്രതിയാകാതെ  സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമുള്ള കഴിവാണെന്നും അദ്ദേഹം പരിഹസിച്ചു.

Comments (0)
Add Comment