ഓസ്ട്രേലിയൻ ഓപ്പണിൽ 100 ആം ജയം സ്വന്തമാക്കി ടെന്നീസ് മാന്ത്രികൻ റോജർ ഫെഡറർ. ഓസ്ട്രേലിയൻ താരം ജോൺ മിൽമാനെതിരെ അട്ടിമറി ജയം നേടിയാണ് ഫെഡറർ നേട്ടം സ്വന്തമാക്കിയത്.
വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ എന്നീ രണ്ട് ഗ്രാന്‍റ് സ്ലാമുകളിലും 100 ൽ അധികം ജയം കണ്ടെത്തിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റോജർ ഫെഡറർ. തോൽവി വഴങ്ങി എന്നു സംശയിച്ച മത്സരം ജയിച്ചു കയറിയാണ് ഫെഡറർ നേട്ടം സ്വന്തമാക്കിയത്. 5 സെറ്റുകളും 4 മണിക്കൂറും നീണ്ട മാരത്തോൺ മത്സരത്തിൽ ഇരു താരങ്ങളും തങ്ങളുടെ സർവ്വവും നൽകിയപ്പോൾ റോഡ് ലേവർ അറീനയിൽ പിറന്നത് അവിസ്മരണീയമായ ഒരു മത്സരമായിരുന്നു.
18 ആം പ്രാവശ്യമാണ് ഓസ്ട്രേലിയൻ ഓപ്പണിന്‍റെ നാലാം റൗണ്ടിൽ ഫെഡറർ കടക്കുന്നത്. കൂടാതെ ഓപ്പൺ ഇറയിൽ ഗ്രാന്‍റ് സ്ലാമുകളിൽ 5 സെറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ജയം കണ്ട താരമെന്ന റെക്കോർഡിൽ പീറ്റ് സാമ്പ്രസിന്‍റെ റെക്കോർഡിന് ഒപ്പമെത്തി ഫെഡറർ . 29 തവണയാണ് ഫെഡറർ ഗ്രാന്റ് സ്ലാമുകളിൽ 5 സെറ്റ് പോരാട്ടം ജയിക്കുന്നത്. 2018 ൽ സിലിച്ചിന് എതിരെ നേടിയ ജയത്തിനു ശേഷം ആദ്യമായാണ് ഫെഡറർ 5 സെറ്റ് നീണ്ട മത്സരം ജയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വനിതാ വിഭാഗത്തിൽ അട്ടിമറികൾ തുടർന്ന് പതിനഞ്ചുകാരിയായ അമേരിക്കൻ താരം കൊകൊ ഗാഫ് മുന്നേറുകയാണ്. മൂന്നാം റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ജപ്പാന്‍റെ നവോമി ഒസാക്കയെ പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പണിനെത്തിയ ഗാഫ് ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്.