കാബൂൾ വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം ; നിഷ്പ്രഭമാക്കി മിസൈൽ പ്രതിരോധ സംവിധാനം

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു നേരേയുണ്ടായ റോക്കറ്റാക്രമണ ശ്രമം തകർത്തു. വിമാനത്താവളത്തിലെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചയാണ് ആക്രമണം തടഞ്ഞതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ നഗരത്തിന്‍റെ വടക്കുഭാഗത്തുനിന്ന് അഞ്ചോളം റോക്കറ്റുകളാണ് വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് വന്നത്. നഗരത്തിന്‍റെ വടക്കുഭാഗത്തുനിന്നാണ് ഇവ എത്തിയത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സേനാ പിന്മാറ്റം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ ഭീഷണി ഉയരുന്നത്. ഞായറാഴ്ച, വിമാനത്താവളത്തിലെ അമേരിക്കൻ സേനയെ ലക്ഷ്യമിട്ട് പുറപ്പെട്ട ഐഎസ് ചാവേ‍ർ സംഘത്തെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചിരുന്നു. വിമാനത്താവളം ആക്രമണത്തിന് പുറപ്പെട്ടവരെ വധിച്ചതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദും സ്ഥിരീകരിച്ചു. വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

വ്യാഴാഴ്ച വിമാനത്താവള കവാടത്തിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികർ അടക്കം 182 പേരാണ് കൊല്ലപ്പെട്ടത്. 31ന് യുഎസ്–നാറ്റോ സഖ്യം അഫ്ഗാൻ വിടും. ഇതിനു മുന്നോടിയായി അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം യുഎസ് അവസാനിപ്പിച്ചു. ഇനി വിദേശപൗരന്‍മാരെ മാത്രമേ കൊണ്ടുപോകൂ എന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ആയിരക്കണക്കിന് അഫ്ഗാനികള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്.

 

Comments (0)
Add Comment