റോബിൻ മോട്ടേഴ്സിനെതിരെ വരും ദിവസങ്ങളിലും നടപടി തുടരാൻ ഉറച്ച് മോട്ടോർ വാഹന വകുപ്പ് . സർവീസ് നടത്തുകയാണങ്കിൽ പെർമിറ്റ് ലംഘനത്തിന് പിഴ ഈടാക്കാനാണ് തീരുമാനം. കോൺട്രാക്ട് കാരിയേജ് പെർമിറ്റുള്ള റോബിൻ മോട്ടേഴ്സിന് ദിവസവും യാത്രക്കാരുമായി സർവീസ് നടത്താൻ അനുവാദമില്ലന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്തിട്ടുള്ളതിനാലും പുതിയ കേന്ദ്ര നിയമം അനുസരിച്ചും സർവീസ് നടത്താൻ അധികാരമുണ്ടെന്നാണ് റോബിൻ മോട്ടേഴ്സിന്റെ വാദം. നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. കോടതി നിലപാട് ഇക്കാര്യത്തിൽ നിർണായകമാവും.അതേസമയം, പെര്‍മിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ റോബിന് ബസിന്റെ രേഖകള്‍ ഇന്ന് വിശദമായി പരിശോധിച്ച ശേഷം പിഴ നിശ്ചയിക്കും. ഇന്നലെ കോയമ്പത്തൂര്‍ വെസ്റ്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസം കഴിഞ്ഞ് വിട്ടുനല്‍കുമെന്നാണ് ഉടമയെ അറിയിച്ചിട്ടുള്ളത്. അതിന് മുന്‍പായി ആര്‍ടിഒ രേഖകള്‍ വിശദമായി പരിശോധിച്ച് തുടര്‍നടപടി തീരുമാനിക്കും. സുപ്രീം കോടതിയിലെ കേസില്‍ തീര്‍പ്പ് വരുന്ന മുറയ്ക്ക് നിലവിലെ പ്രതിസന്ധിയെല്ലാം നീങ്ങുമെന്നാണ് ബസുടമ ബേബി ഗിരീഷ് പറയുന്നത്. ബസ് വിട്ടുകിട്ടിയാല്‍ അടുത്തദിവസം സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ഗിരീഷിന്റെ നിലപാട്.