ദുബായ് : കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് , സൗദി അറേബ്യയിലേക്ക് റോഡ് മാര്‍ഗം പോകുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സൗദി ഭരണക്കൂടമാണ് ഈ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം അറിയിച്ചത്. ഇതനുസരിച്ച്, വിമാന മാര്‍ഗം പോകുന്നവര്‍ക്ക് തല്‍ക്കാലം നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍, റോഡ് മാര്‍ഗം വ്യാപാര ആവശ്യങ്ങള്‍ക്കായി സൗദി അതിര്‍ത്തി കടന്ന് വരുന്ന ട്രക്കുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനം അറിയിച്ചത്.
എന്നാല്‍, സൗദി ദമ്മാമില്‍ ജോലി ചെയ്യുന്നവരില്‍, വലിയൊരു ശതമാനം താമസിക്കുന്നത് ബഹ്‌റൈനിലാണ്. ഇത്തരക്കാരെയും ഇത് ബാധിക്കുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്. പലരും സൗദി-ബഹ്‌റൈന്‍ അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന കോസ്‌വേ കടന്ന് , റോഡ് മാര്‍ഗമാണ് ജോലിയ്ക്ക് പോകുന്നതും വരുന്നതും. ഇതില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളും നിരവധിയാണ്. ഇതാണ് ഇവിടെയുള്ളവരെ ആശങ്കയിലാക്കുന്നത്.
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവയാണ് സൗദിയിലെ പ്രധാന മൂന്ന് വിമാനത്താവളങ്ങള്‍.എന്നാല്‍, ഇവിടെ ഇപ്പോള്‍ വിലക്ക് ഇല്ലെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ, ഇവിടെ കര്‍ശനമായി നിരീക്ഷിച്ചാണ് രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്.