കണ്ണൂരില്‍ ആവേശമായി കെ. സുധാകരന്‍റെയും സാദിഖലി ശിഹാബ് തങ്ങളുടെയും റോഡ് ഷോ

Jaihind Webdesk
Sunday, April 21, 2024

 

കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെയും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെയും റോഡ് ഷോ. ഇരിക്കൂറിലും കണ്ണൂരിലുമാണ് ഇരു നേതാക്കളും പങ്കെടുത്ത റോഡ് ഷോ നടന്നത്. രാജ്യത്തിന്‍റെ ഉന്നതമൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന ബിജെപിക്ക് എതിരായ വിധിയെഴുത്ത് ഉണ്ടാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ചേടിച്ചേരി നിന്നാണ് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ റോഡ് ഷോ ആരംഭിച്ചത്. മൂവർണ്ണക്കൊടിയും ഹരിത പതാകയുമേന്തി നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിചേർന്നത്. നിരവധി ഇരുചക്രവാഹനങ്ങളും ബാൻഡ് വാദ്യവും റോഡ് ഷോയ്ക്ക് കൊഴുപ്പേകി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ ഇരിക്കൂർ വളവുപാലത്തിന് സമീപത്ത് വെച്ച് റോഡ് ഷോയിൽ പങ്കാളിയായി. ഇതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. ഇരിക്കൂർ മണ്ണുർ പാലത്ത് റോഡ് ഷോ സമാപിച്ചു. രാജ്യത്തിന്‍റെ ഉന്നത മൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന ബിജെപിക്ക് എതിരായ വിധിയെഴുത്ത് ഉണ്ടാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കണ്ണൂർ സിറ്റിയിലെത്തിയ കെ. സുധാകരനും സാദിഖലി ശിഹാബ് തങ്ങൾക്കും ആവേശകരമായ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. ബാൻഡ് വാദ്യത്തിനൊപ്പം പ്രവർത്തകർ നൃത്തം വെച്ചു. സാദിഖലി ശിഹാബ് തങ്ങളുടെ സന്ദർശനം യുഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്.