‘മഴയ്ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയില്ല, മന്ത്രി ഒഴിഞ്ഞുമാറുന്നു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, August 7, 2022

കൊച്ചി: മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് റോഡുകളുടെ അടക്കം മരാമത്ത് പണികൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ തയാറല്ലെങ്കിൽ ടോൾ പിരിവ് നിർത്തിവെക്കണം. റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ താൻ വിമർശിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡുകളുടെ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് തന്നോട് മറുപടി പറയരുത്. ദേശീയ പാതയിലെ കുഴിയിൽ വീണ് മരണപ്പെട്ട ഹാഷിമിന്‍റെ കുടുംബത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണം. ഹാഷിം മരിക്കാനിടയായതിൽ ഉദ്യോഗസ്ഥരുടെ പേരിലടക്കം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.