തകഴിയില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുന്നു. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ തകഴി ക്ഷേത്രം ജംക്ഷനിലാണ് ഉപരോധം. മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളുമെന്ന് എഴുതിവച്ച് ശേഷമാണ് ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ വിഷംകഴിച്ച് മരിച്ചത്. കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി.പ്രസാദാണ് സംഭരിച്ച നെല്ലിന്റെ വില സര്‍ക്കാര്‍ വായ്പയായി നല്‍കിയതുമൂലമുണ്ടായ പ്രതിസന്ധിയില്‍ ജീവനൊടുക്കിയത്. മറ്റ് വായ്പകള്‍ ലഭിക്കാത്തതിന്റെ വിഷമം ബി.ജെ.പി കര്‍ഷകസംഘനാ ഭാരവാഹികൂടിയായ പ്രസാദ് കരഞ്ഞു പറയുന്ന ശബ്ദരേഖ പുറത്തുവന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബാംഗങ്ങളെ കണ്ടു. തിരുവല്ലയിലെ ആശുപത്രിയിലെത്തിയാണ് കുടുംബത്തെ കണ്ടത്. കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. അവര്‍ക്കുവേണ്ടി എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രം വിഹിതം നല്‍കിയിട്ടും പിന്നെ എന്തുകൊണ്ടാണ് പണം ലഭിക്കാതിരുന്നതെന്ന് പരിശോധിക്കും. ആരെയും കുറ്റപ്പെടുത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം പ്രസാദിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിച്ചെന്ന് സുഹൃത്തുക്കളുടെ ആരോപണം. ഐസിയു ബെഡില്ല എന്ന പേരിലാണ് ചികില്‍സ നിഷേധിച്ചത്. അതുകൊണ്ടാണ് തിരുവല്ലയിലേക്ക് കൊണ്ടുപോകേണ്ടി വന്നെതന്നും പ്രസാദിന്റെ സുഹൃത്ത് എന്‍.ജയകുമാര്‍ പറഞ്ഞു.