അപകടക്കെണിയായി റോഡ്; കുഴിയില്‍ വീണ് രണ്ടായി ഒടിഞ്ഞ് ഇരുചക്രവാഹനം

Sunday, August 7, 2022

കോഴിക്കോട്: റോഡിലെ കുഴിയിൽ വീണ് രണ്ട് കഷണമായി ഇരുചക്രവാഹനം. ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയില്‍ പെട്ടാണ് അപകടമുണ്ടായത്. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയില്‍ വീണാണ്  അപകടമുണ്ടായത്.

ശനിയാഴ്ചയാണ് പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാർ അപകടത്തിൽപ്പെട്ടത്. കുഴിയില്‍ പെട്ട് വാഹനത്തിന്‍റെ മുൻചക്രത്തിന്‍റെ ഭാഗം ഒടിഞ്ഞുമാറി. അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റി.  അസിം അന്‍സാറിന് കാര്യമായ പരിക്കുകളില്ല.

മുമ്പ് ഇതേ കുഴിയില്‍ പെട്ട് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ളപദ്ധതിയുടെ പൈപ്പ്  സ്ഥാപിക്കാനായി എടുത്ത കുഴിയാണ് അപകടക്കെണിയാകുന്നത്. ശരിയായ രീതിയില്‍ കുഴി നികത്താത്തതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.