ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയ്ക്ക് ജാമ്യം

Jaihind Webdesk
Saturday, June 15, 2024

 

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ  കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് നല്‍കി. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്.  തുടര്‍ന്ന് ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും  ആർഎൽവി രാമകൃഷ്ണനും എതിർത്തിരുന്നു. സംഭവ ശേഷവും സമാന പ്രതികരണം മാധ്യമങ്ങളിൽ ആവർത്തിച്ചതായും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മനപ്പൂർവ്വം അധിക്ഷേപം നടത്തിയിട്ടില്ല എന്ന വാദമാണ് സത്യഭാമ നടത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്.

ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.