ചികിൽസ നിഷേധിച്ച് രോഗി മരിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന് റിയാസ് മുക്കോളി പരാതി നൽകി

Jaihind News Bureau
Sunday, May 10, 2020

 

ന്യൂഡൽഹി : മുംബൈയിലെ മലയാളി ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി.

കടുത്ത പനിയെ തുടർന്ന് ചികിൽസ തേടിയ കെ എസ് ഖാലിദ് ബംബ്രോണക്കാണ് (55) നവി മുംബൈയിലെ അഞ്ചു ആശുപത്രികൾ ചികിൽസ നിഷേധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മഡ്ഗാവിലെ പ്രിൻസ് അലി ഖാൻ ആശുപത്രിയിലാണ് രോഗിയെ ആദ്യം എത്തിച്ചത്. രോഗിയെ പരിശോധിക്കാൻ പറ്റില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഗിർഗാവിലെ ഹർകിഷൻ സിംഗ് ദാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗിയെ കാണാൻ പോലും ഡോക്ടർമാർ തയ്യാറായില്ല.

പിന്നീട് സെയ്ഫി ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അവിടെയും അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. രാത്രിയോടെ ബോംബെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്,ലീലാവതി ആശുപത്രിയിലും സമാന അനുഭവമാണ് ബന്ധുക്കൾക്ക് ഉണ്ടായത്. അർദ്ധരാത്രിയിൽ സെൻ്റ് ജോർജ് ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയെങ്കിലും രോഗിയുടെ നില വഷളാവുകയും അവിടെ വെച്ച് മരണം സംഭവിക്കുകയും ചെയ്തു. നവി മുംബൈയിൽ സ്ഥിര താമസമാക്കിയ ഖാലിദ് കാസർകോട് സ്വദേശിയാണ്.

കൃത്യസമയത്ത് രോഗിക്ക് ചികിൽസ സംഭവത്തിൽ ആശുപത്രികളുടെ ഭാഗത്ത് സംഭവിച്ചിട്ടുള്ള ഗുരുതരമായ സംഭവിച്ചിട്ടുള്ള വീഴ്ച മനുഷ്യാവകാശ ലംഘനവും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന താണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ അഞ്ച് ആശുപത്രികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ റിയാസ് മുക്കോളി ആവശ്യപ്പെട്ടു.