ദൈവമേ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു ; ജീന്‍സ് വിവാദത്തില്‍ മോദി ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി ; പരിഹാസം

Jaihind News Bureau
Friday, March 19, 2021

 

ന്യൂഡൽഹി: ജീൻസ് ധരിച്ച് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നുവെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനയെ പരിഹാസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവത് എന്നിവർ കാവി ട്രൗസർ ധരിച്ചു നിൽക്കുന്ന മുൻകാല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് പ്രിയങ്ക ഗാന്ധിയുടെ പരിഹാസം.  ‘ദൈവമേ അവരുടെ കാൽ കാണുന്നുണ്ടല്ലോ’ എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി കുറിച്ചു.

https://twitter.com/priyankagandhi/status/1372559046625038338/photo/1

ഗഡ്​കരിക്കും മോദിക്കുമൊപ്പം ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്‍റെ ചിത്രം കൂടി പ്രിയങ്ക ഗാന്ധി പങ്കുവെച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസമാണ്​ ജീൻസുമായി ബന്ധപ്പെട്ട്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിയുടെ പ്രസ്​താവന പുറത്ത്​ വന്നത്​. കുട്ടികള്‍ക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് താന്‍ കരുതുന്നതായി തീരഥ് സിങ് റാവത്ത് പറഞ്ഞിരുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദെഹ്‌റാദൂണില്‍ നടന്ന വര്‍ക് ഷോപ്പില്‍ പങ്കെടുക്കുകയായിരുന്നു റാവത്ത്. വിദേശീയര്‍ ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നഗ്നതാപ്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് പ്രസ്താവിച്ചിരുന്നു. റാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണുയർന്നത്.