PAKISTAN| പാക് അധിനിവേശ കശ്മീരില്‍ കലാപം; സര്‍ക്കാര്‍ വിരുദ്ധകലാപം ശക്തമാകുന്നു

Jaihind News Bureau
Friday, October 3, 2025

പാക് അധിനിവേശ കശ്മീരിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തമായി. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അക്രമ സംഭവങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ നിലനില്‍ക്കുന്ന കനത്ത പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടക്കം ആശങ്ക രേഖപ്പെടുത്തി.

അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് വലിയ പ്രക്ഷോഭം ആരംഭിച്ചത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. വിവിധ ഇടങ്ങളില്‍ നിന്ന് മുസഫറാബാദിലേക്ക് ലോങ് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതാണ് നിരവധി പേര്‍ കൊല്ലപ്പെടാന്‍ കാരണമായത്.

മുസാഫറാബാദിലും മറ്റ് ചെറിയ നഗരങ്ങളിലുമായി നാല് ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ കുറഞ്ഞത് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 150-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സൈനികവല്‍ക്കരിക്കപ്പെട്ട ഈ പ്രദേശത്തിന്മേല്‍, ദീര്‍ഘകാല എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും അവകാശവാദമുന്നയിക്കുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം ഇവിടെ നിലനില്‍ക്കുന്നതിനാല്‍, പ്രദേശത്തെ അസ്വസ്ഥതകള്‍ ദേശീയ സുരക്ഷാ വൃത്തങ്ങളില്‍ വേഗത്തില്‍ ചര്‍ച്ചയാവുകയും പ്രാദേശിക സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു പ്രക്ഷോഭത്തിന്റെ അലകള്‍ വിദേശ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ബ്രിട്ടനില്‍, ലണ്ടനിലും ബര്‍മിംഗ്ഹാമിലും ഈ ആഴ്ച കശ്മീരി സമൂഹം വലിയ റാലികള്‍ സംഘടിപ്പിച്ചു.