പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി; കൊഴിഞ്ഞാമ്പാറയില്‍ രണ്ട് ലോക്കല്‍ കമ്മറ്റികള്‍ പിളര്‍ന്നു

Jaihind Webdesk
Wednesday, October 30, 2024


പാലക്കാട് : കൊഴിഞ്ഞാമ്പാറയിലെ സി പി എമ്മിലെ പിളര്‍പ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് സി പി എമ്മും എന്‍ഡിഎഫും. ഉപതെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തരുടെ പരസ്യപോരാട്ടം ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തന്നെ മങ്ങലേല്‍പ്പിച്ചതായി പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു.

പാലക്കാട് നഗരത്തില്‍ ഏരിയാ കമ്മിറ്റിയംഗം പാര്‍ട്ടി വിട്ടതിനെതുടര്‍ന്ന് എന്‍എന്‍ കൃഷ്ണദാസ് ഉള്‍പ്പടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയും മറ്റും നടത്തിയ നീക്കം താല്‍കാലിക ആശ്വാസമായതിന് പിന്നാലെ 2 ലോക്കല്‍ കമ്മിറ്റികള്‍ പൂര്‍ണമായും പിളര്‍ന്നു. കൊഴിഞ്ഞാമ്പാറ 1, 2 ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ 38 ബ്രാഞ്ച് കമ്മിറ്റികളിലെ 25 സെക്രട്ടറിമാരും, പഞ്ചായത്ത് മെമ്പര്‍മാരും, ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളും, മുതിര്‍ന്ന പ്രവര്‍ത്തകരും ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ ജില്ലാ സെക്രട്ടറിക്കെതിരെ വിളിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിട്ടും സംസ്ഥാനകമ്മിറ്റി നടപടി സ്വീകരിക്കാത്തതിലുള്ള അമര്‍ഷം ഉപതെരഞെടുപ്പില്‍ പ്രതിഫലിക്കും.

സിപിഎം കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ അടിയന്തിര പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം എന്ത് നടപടി സ്വീകരിക്കും എന്ന് കണ്ടറിയണം. മാത്രമല്ല കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയും – പിളര്‍പ്പും ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്.