തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.
മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തില്‍ മുമ്പ് ഭരിച്ച മറ്റ് മുഖ്യമന്ത്രിമാരില്‍ കൂടുതല്‍ സ്റ്റാഫ് അംഗങ്ങളെ പിണറായി വിജയന്‍ നിലനിർത്തുന്നുണ്ട്.
ശമ്പളത്തിന് 3.25 കോടി രൂപ, ക്ഷാമബത്തയ്ക്കായി 51.14 ലക്ഷം, വീട് വാടക അലവന്‍സായി 13.95 ലക്ഷം, മെഡിക്കൽ റീഇമ്പഴ്‌സ്മെന്‍റ് 63,000 രൂപ, മറ്റ് അലവൻസുകൾക്ക് 4.61 ലക്ഷം, ഓവർടൈം അലവൻസ് 1,000 രൂപ, വേതനത്തിനായി 16.78 ലക്ഷം, യാത്രാ ബത്തക്ക് 10 ലക്ഷം, സ്ഥലം മാറ്റ ബത്തയ്ക്കായി 15,000 രൂപ, അവധി യാത്രാനുകൂല്യത്തിന് 16,000 രൂപ എന്നിങ്ങനെയാണ് സ്റ്റാഫിനായുള്ള ബജറ്റ് വിഹിത ചെലവുകൾ വിതരണം ചെയ്തിരിക്കുന്നത്.