സപ്ലൈകോയില്‍ അരി ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിച്ചു; കിലോയ്ക്ക് പത്തുരൂപ വരെ കൂടി

Jaihind Webdesk
Sunday, January 21, 2024

സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം നിലച്ചതോടെ പൊതുവിപണിയില്‍ അരി ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിച്ചു തുടങ്ങി. സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന നാലിനം അരിയും മിക്ക സപ്ലൈക്കോ കേന്ദ്രങ്ങളിലും ലഭ്യമല്ല. അതേസമയം പൊതുവിപണിയില്‍ അരിവില കൂടിയത് കിലോയ്ക്ക് പത്തുരൂപ വരെയാണ്.

സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോള്‍ സബ്‌സിഡി അരി കിട്ടുമെന്ന് കരുതി സപ്ലൈക്കോയില്‍ കയറുന്നവര്‍ക്ക് നിരാശയാണ് ഫലം. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം നിലച്ചിട്ട് അഞ്ച് മാസത്തോളമായതോടെ പൊതുവിപണിയിലും അരി ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിച്ചു തുടങ്ങി. സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന നാലിനം അരിയും മിക്ക സപ്ലൈക്കോ കേന്ദ്രങ്ങളിലും ലഭ്യമല്ല. പൊതുവിപണിയില്‍ അരിവില കൂടിയതോടെ സാധാരണക്കാര്‍ റേഷന്‍കാര്‍ഡുമായി സപ്ലൈക്കോകള്‍ കയറിയിറങ്ങുകയാണ്.

ഒരു മാസംമുമ്പ് 42 മുതല്‍ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപ വരെയായി. ഇത്തരത്തില്‍ പൊതുവിപണിയില്‍ ഉളള മിക്ക അരികള്‍ക്കും വലിയ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ അരി കിലോഗ്രാമിന് 25 രൂപയ്ക്ക് ലഭിക്കുമായിരുന്നു. എല്ലാത്തരം റേഷന്‍ കാര്‍ഡുകാര്‍ക്കും സബ്‌സിഡി ലഭിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. എന്നാല്‍ ഓണത്തിനും ക്രിസ്മസിനുംപോലും ചില ദിവസങ്ങളില്‍ മാത്രമാണ് സബ്‌സിഡി നിരക്കില്‍ കച്ചവടം നടന്നത്. അതേസമയം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കുടിശ്ശിക തുകയായ 800 കോടി രൂപ കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാരും.