പെരുമാറ്റച്ചട്ടം ലംഘിച്ച് റിയാസിന്‍റെ പ്രസംഗം: പരാതി നല്‍കി കോണ്‍ഗ്രസ്; വിശദീകരണം തേടി കളക്ടർ

Jaihind Webdesk
Tuesday, April 2, 2024

 

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് പരാതി കൊടുത്തു. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരം ആക്കുമെന്ന പ്രസംഗമാണ് വിവാദമായത്. പ്രസംഗം ചിത്രീകരിച്ച വീഡിയോഗ്രാഫറെ സ്ഥാനാർത്ഥിയും സഹപ്രവർത്തകരും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ കളക്ടർ വിശദീകരണം തേടും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയാണ് കോൺഗ്രസ്‌ പരാതി നല്‍കിയത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന കോഴിക്കോട്ടെ പ്രസംഗമാണ് വിവാദമായത്. ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച ക്യാമറാമാനെ സംഘാടകർ ഗ്രീൻറൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.

സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തിര​ഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച സംഘത്തില്‍പ്പെട്ടയാളാണ് വീഡിയോഗ്രഫര്‍ എന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ പരാതിയില്‍ മന്ത്രിയോട് വിശദീകരണം തേടാന്‍ കളക്ടര്‍ തീരുമാനിച്ചു. ഇന്നുതന്നെ ഇതുസംബന്ധിച്ച് നോട്ടിസ് നല്‍കാനും സാധ്യതയുണ്ട്.