ഇ.ഐ.എ കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തെയും അധികാര വികേന്ദ്രീകരണത്തെയും തുരങ്കം വെക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ളത്; കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം പ്രകൃതി ചൂഷണമെന്ന് തിരിച്ചറിയണം : ജയറാം രമേശ് | Video

Jaihind News Bureau
Thursday, August 13, 2020

 

തിരുവനന്തപുരം : പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) സംബന്ധിച്ച് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തിനെയും അധികാര വികേന്ദ്രീകരണത്തെയും തുരങ്കം വെക്കുന്നതാണെന്ന് മുന്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ്. ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവും പ്രകടമാക്കുന്ന കരടിനെതിരെ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇ.ഐ.എ കരട് വിജ്ഞാപനം 2020’ എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

പദ്ധതികളുടെ ഇരകളാകുന്നവര്‍ക്ക് പോലും പരാതിപ്പെടാന്‍ കഴിയില്ലെന്നാണ് കരട് വിജ്ഞാപനം പറയുന്നത്. വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ പാരിസ്ഥിതിക ലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയൂ. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുസമൂഹം, സന്നദ്ധ സംഘടനകള്‍ എന്നിവയ്‌ക്കൊന്നും ഒരു റോളുമുണ്ടാകില്ല. ഇതുതന്നെയാണ് കരട് വിജ്ഞാപനം ജനാധിപത്യ വിരുദ്ധമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണം.

പൊതുജനങ്ങളില്‍ നിന്നും പരാതി കേള്‍ക്കുന്നതിനുള്ള സമയപരിധി കുറച്ചു. പദ്ധതികള്‍ തുടങ്ങിയ ശേഷം പാരിസ്ഥിതിക അനുമതി തേടിയാല്‍ മതിയെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. നിരവധി പദ്ധതികള്‍ ഇ.ഐ.എയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലങ്ങളില്‍ പാരിസ്ഥിതിക ആഘാത വിലരുത്തല്‍ സമിതികള്‍ രൂപീകരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. ഇതെല്ലാം തന്നെ കരട് വിജ്ഞാപനത്തിന്‍റെ ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവവും പ്രകടമാക്കുന്നതാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇതിന് എതിരെ കോണ്‍ഗ്രസിനും നേതൃത്വത്തിനും കൃത്യമായ നിലപാടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുനാല് മാസം കൊണ്ട് ആരോഗ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളം അപ്രതീക്ഷിത പ്രളയങ്ങള്‍ക്കും മണ്ണിടിച്ചിലിനും സാക്ഷ്യം വഹിക്കുകയാണ്. പ്രകൃതി ചൂഷണമാണ് ഇതിന് കാരണമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഇ.ഐ.എ വിജ്ഞാപനത്തിന്‍റെ കരട് പിന്‍വലിപ്പിക്കാന്‍ ശക്തമായ ജനവികാരം ഉയരണം. 40 വര്‍ഷം മുമ്പ് സൈലന്‍റ്‌വാലി മുന്നേറ്റം തുടങ്ങിയത് കേരളത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഇ.ഐ.എ കരട് വിജ്ഞാപനത്തിനെതിരെയും കൂട്ടായതും ശക്തവുമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരളത്തിന് കഴിയണമെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യത്തെയാണ് സംരക്ഷിക്കുന്നത്. പരിസ്ഥിതിയെ മറന്നുള്ള വികസനത്തിലൂടെ ചിലരുടെ സമ്പത്ത് മാത്രമേ സംരക്ഷിക്കപ്പെടൂ. ആരോഗ്യമാണോ സമ്പത്താണോ പ്രധാനപ്പെട്ടതെന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും തമ്മില്‍ സന്തുലനം ഉണ്ടാകണം. വ്യവസായവത്ക്കരണത്തിനും നഗരവത്ക്കരണത്തിനും കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ ഇതൊന്നും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ച് കടുത്ത വില നല്‍കികൊണ്ടാകരുതെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

അവസാന നിമിഷം വരെ വൈകിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായോ ജനപ്രതിനിധികളുമായോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമാണ് സംസ്ഥാന സര്‍ക്കാര്‍ കരടിന്മേലുള്ള അഭിപ്രായം അറിയച്ചതെന്ന് വെബിനാറില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവും ആര്‍.ജി.ഐ.ഡി.എസിന്‍റെ ചെയര്‍മാനുമായ രമേശ് ചെന്നിത്തല പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് വളരെയേറെ ഊന്നല്‍ നല്‍കേണ്ട കാലഘട്ടമാണിത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പരിസ്ഥിതി സംരക്ഷണത്തിനായി മുന്‍കൈ എടുത്തത്. അതിന്‍റെ കേരളത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് സൈലന്‍റ് വാലി. ഒരു പക്ഷേ ഇന്ദിരാ ഗാന്ധിയില്ലായിരുന്നെങ്കില്‍ സൈലന്‍റ് വാലി പദ്ധതി യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. പശ്ചിമഘട്ടത്തില്‍ പരിസ്ഥിതി പ്രശ്‌നം നടക്കുന്ന വേളയിലാണ് ഇത്തരത്തിലുള്ള ഒരു ചര്‍ച്ച എന്നത് വളരെയേറെ പ്രധാന്യം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരട് വിജ്ഞാപനം പ്രദേശിക ഭാഷയില്‍ പുറത്തിറക്കി എല്ലാവരുടേയും അഭിപ്രായം കേട്ട ശേഷം ആവശ്യമായ മാറ്റം വരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 23 ന് ഇറക്കിയ  ഇ.ഐ.എ നോട്ടിഫിക്കേഷനില്‍ ജൂണ്‍ 30 വരെ പൊതുജനത്തിന് അഭിപ്രായം പറയാന്‍ അവസരം ഉണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ സമയത്ത് ഒന്നിനുമായില്ല. പരിസ്ഥിതി സംരക്ഷണം വരുന്ന തലമുറകളുടെ അവകാശമാണെന്നും പരിസ്ഥിതി സംരക്ഷണം തുടര്‍ന്നേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരട് വിജ്ഞാപനത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടാനുള്ള ശക്തമായ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആര്‍.ജി.ഐ.ഡി.എസിന്‍റെ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍ പറഞ്ഞു. വി.ഡി സതീശന്‍ എം.എല്‍.എ, റോജി എം ജോണ്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍, ആര്‍.ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ് ഷിജു, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ കെ ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും വെബിനാറില്‍ സംസാരിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/908823639603416