അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് : സ്ഥാനാർത്ഥിത്വത്തിന് അഞ്ചുവര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനം നിര്‍ബന്ധമാക്കും ; പ്രവർത്തനങ്ങള്‍ വിലയിരുത്താന്‍ പുതിയ സംവിധാനം

സ്ഥാനാര്‍ത്ഥിത്വത്തിന് അഞ്ചുവര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനം നിര്‍ബന്ധമാക്കിയും ഭാരവാഹികള്‍ക്ക് സമയപരിധി നിശ്ചയിച്ചും പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതൊടൊപ്പം സംഘടന തലത്തില്‍ എല്ലാ കമ്മിറ്റികളിലും 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 50 ശതമാനം സംവരണം നടപ്പാക്കുകയും ചെയ്യും. ഇതടക്കമുള്ള നിര്‍ദ്ദേശങ്ങളിന്മേല്‍ വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉദയ്പുരില്‍ നടക്കുന്ന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബറില്‍ ഉണ്ടാകുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി അജയ്മാക്കനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതുതായി പാര്‍ട്ടിയില്‍ ചേരുന്നയാള്‍ക്ക് ഉടന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. മറിച്ച് അഞ്ചു വര്‍ഷം സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്ഥാനര്‍ത്ഥിത്വത്തിന് പരിഗണിക്കൂ. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമായി സ്ഥാനാര്‍ത്ഥിത്വം പരിമിതപ്പെടുത്തും. കുടുംബത്തിലെ മറ്റേ അംഗം അഞ്ച് വര്‍ഷത്തിലധികം സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമാകും ഇതില്‍ ഇളവ്. ഒരാള്‍ക്ക് ഒരേ പദവിയില്‍ അഞ്ചുവര്‍ഷത്തിലധികം തുടരാന്‍ കഴിയില്ലെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. അതേ പദവിയില്‍ മടങ്ങിയെത്തണമെങ്കില്‍ 3 വര്‍ഷത്തെ കൂളിംഗ് പീരീഡ് നിര്‍ബന്ധമാക്കും.

ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എ.ഐ.സി.സി തലത്തില്‍ പുതിയ സംവിധാനം കൊണ്ടുവരും. സ്ഥാനകയറ്റവും സ്ഥാനാര്‍ത്ഥിത്വവും അടക്കം പ്രവര്‍ത്തന മികവിന്‍റെ  മാത്രം അടിസ്ഥാനത്തിലാകും. കേരളത്തില്‍ ബ്ലോക്ക് കമ്മിറ്റികള്‍ക്കും ബൂത്ത് കമ്മിറ്റികള്‍ക്കും ഇടയില്‍ മണ്ഡലം കമ്മിറ്റികളുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ സംവിധാനം ശക്തമല്ല. ഈ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കും. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി സ്വകാര്യ സര്‍വ്വേ ഏജന്‍സികളെയാണ് പാര്‍ട്ടി ആശ്രയിക്കുന്നത്. ഇതിന് പകരമായി സംഘടനാ തലത്തില്‍ തന്നെ പുതിയ സംവിധാനം കൊണ്ടുവരും. ഈ സമിതി തെരഞ്ഞെടുപ്പ് വേളയില്‍ മാത്രമല്ല, അല്ലാത്ത സമയങ്ങളിലും പ്രവര്‍ത്തിക്കും. ഏതൊക്കെ വിഷയങ്ങളാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതെന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് അടക്കം സമിതി നടത്തുന്ന സര്‍വ്വേകളുടെ അടിസ്ഥാനത്തിലാകും.

കാലഘട്ടത്തിന് അനുസരിച്ച് കോണ്‍ഗ്രസ് സംഘടനാ സംവിധനത്തില്‍ സമഗ്ര നവീകരണം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ചിന്തന്‍ ശിവിര്‍ വേദിയാകുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതിനായി ജനാധിപത്യത്തിലെ നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Comments (0)
Add Comment